This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാന്‍ഡ് കനാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാന്‍ഡ് കനാല്‍

1. ചൈനയിലെ സുപ്രധാന പുരാതന വാണിജ്യ മാര്‍ഗങ്ങളിലൊന്ന്. 'ഇംപീരിയല്‍ കനാല്‍' എന്നും ഇതിനു പേരുണ്ട്. റോഡ് ഗതാഗതത്തിന്റെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനുവേണ്ടിയാണ് ആദ്യമായി ഈ കനാല്‍ സംവിധാനം കൊണ്ടുവന്നത്. ഹാങ്ചൗ മുതല്‍ ബേയ്ജിങ് വരെ, 1770 കി.മീ. നീളത്തിലുള്ള ഈ കനാലിന് യൂങ് ഹോ (ഗതാഗത നദി) എന്നുകൂടി പേരുണ്ട്. ശതാബ്ദങ്ങള്‍ പഴക്കമുള്ള ഇതിന്റെ ആദ്യഭാഗം 500 ബി.സിയില്‍ ആണ് രൂപമെടുത്തത്. യാങ്സീ നദി മുതല്‍ ഹ്വായ് നദി വരെ ഇതു വ്യാപിച്ചിരിക്കുന്നു. ഹാങ്ചൗ മുതല്‍ യാങ്സീ വരെയുള്ള രണ്ടാമത്തെ ഭാഗം ഏഴാം ശതകാരംഭത്തോടെ പണിതീര്‍ന്നു. പെട്ടെന്നുണ്ടാകുന്ന പ്രളയങ്ങള്‍ ഈ കനാലുകള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുക പതിവായിരുന്നതിനാല്‍ 18-ാം ശ.ത്തോടെ കനാലിന്റെ പടിഞ്ഞാറേക്കരയിലായി രണ്ടുനിര തടാകങ്ങള്‍ കൂടി സൃഷ്ടിച്ചു. പ്രളയജലം ഈ തടാകത്തിലേക്കൊഴുകി, അതിനപ്പുറത്തുള്ള ഭൂഭാഗങ്ങള്‍ ജലസിക്തമാക്കാന്‍ ഇതു സഹായകമായി. കനാല്‍ പ്രധാനമായി ഒഴുകിയെത്തുന്നത് യാങ്സീ നദിക്കരയിലാണ് ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും കനാലിന്റെ ഭൂരിഭാഗവും ഉപയോഗരാഹിത്യം മൂലം നാശമാകാന്‍ തുടങ്ങി. എന്നാല്‍ ചൈനയിലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് കനാലിന്റെ പുനരുദ്ധാരണം മുന്‍ഗണനയോടെ നടപ്പാക്കിയതിനാല്‍ 1949 ആയപ്പോഴേക്കും ഇതിലൂടെയുള്ള ഗതാഗതം വീണ്ടും സജീവമായിത്തീര്‍ന്നു.

2. വെനീസിലെ ഏറ്റവും പ്രധാനപ്പെട്ട ജലമാര്‍ഗം (Water way). ഇതില്‍ നിന്ന് ധാരാളം ചെറുകനാലുകള്‍ ജന്മമെടുക്കുന്നുണ്ട്. 5. കി.മീ. നീളമുള്ള ഗ്രാന്‍ഡ് കനാലിന് തിരിച്ചിട്ട 'ട' ആകൃതിയാണ്. കനാലിന്റെ ഇരുവശത്തും ധാരാളം മനോഹരഭവനങ്ങള്‍ സ്ഥിതിചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍